ഭൂഖണ്ഡം താണ്ടി ഒരു യാത്ര ഭാഗം 4
മുഅതത്ത് യുദ്ധ സ്മാരകം
✍️ എം.എ ഗഫൂർ അരൂർ
ഹിജ്റ എട്ടാം വർഷം മുഹമ്മദ് (സ) ഇസ്‌ലാമിനെ പരിചയപ്പെടുത്തി റോമാചക്രവർത്തി ഖൈസ്വറിനും അദ്ദേഹത്തിന്റെ ഗവർണർമാർക്കും കത്തുകളയച്ചിരുന്നു. ബുസ്‌റ റോമുമായി സഖ്യത്തിലുണ്ടായിരുന്ന അറബ് ഗോത്ര ഭരണാധികാരി ശുറഹ്ബീൽ ബിൻ അംറിനടുത്തേക്ക് സന്ദേശവുമായി പോയ ഹാരിസ് ബിൻ ഉമൈർ എന്ന സ്വഹാബിയെ ശുറഹ്ബീല് വധിച്ചുകളഞ്ഞു. ഹാരിസ് ബിൻ ഉമൈറിന്റെ കാര്യത്തിൽ റോം ചെയ്തത് ഏറ്റവും വലിയൊരു ധിക്കാരമായി പരിഗണിക്കപ്പെട്ടു. ഇതിനെതിരെ ശക്തമായി പ്രതികരിക്കൽ അനിവാര്യമാണെന്ന് അഭിപ്രായമുയർന്ന സാഹചര്യത്തിൽ 3000 ത്തോളം വരുന്ന ഒരു സൈന്യത്തെ തയ്യാറാക്കി മുഅ്തതിലേക്കയച്ചു. സൈദ് ബിന് ഹാരിസ് (റ) ആണ് സേനാധിപനായി അദ്ദേഹം വധിക്കപ്പെട്ടാൽ ജഅ്ഫർ ബിൻ അബീ ഥാലിബും (റ) അതിന് ശേഷം അബ്ദുല്ലഹ് ബിൻ റവാഹയും (റ) സൈന്യത്തിന്റെ നേതൃത്വം ഏറ്റെടുക്കുക, അദ്ദേഹം കൂടി വധിക്കപ്പെട്ടാൽ നിങ്ങൾ തീരുമാനിച്ചു കാര്യങ്ങൾ ചെയ്യണമെന് മുഹമ്മദ് നബി (സ) നിർദേശിച്ചു.
മുഹാജിറുകളിൽനിന്നും, അൻസ്വാറുകളിൽനിന്നും പല പ്രമുഖരും അടങ്ങുന്നതായിരുന്നു മുസ്‌ലിം സൈന്യം. ഒരു ലക്ഷം റോമക്കാരും അറബ് ഗോത്രങ്ങളിൽനിന്നും സംഘടിപ്പിക്കപ്പെട്ട ഒരു ലക്ഷമാളുകളുമടക്കം രണ്ടു ലക്ഷം വരുന്ന കൂറ്റൻ സൈന്യമായിരുന്നു റോമാസൈന്യം. ഇത്രവലിയ സൈന്യത്തെ കേവലം മുവ്വായിരം വരുന്ന മുസ്‌ലിങ്ങൾ നേരിടുന്നത് ചിന്തിക്കുന്നതിനപ്പുറമായിരുന്നു.
ഒന്നാം ദിവസത്തെ യുദ്ധത്തിൽ കനത്ത ആക്രമണം നടത്തി. സൈന്യാധിപനായ സൈദ് ബിൻ ഹാരിസ് (റ) വധിക്കപ്പെട്ടപ്പോൾ യഥാക്രമം ജഅ്ഫർ ബിൻ അബീ ഥാലിബും (റ) ശേഷം അബ്ദുല്ലഹ് ബിൻ റവാഹയും (റ) നായകസ്ഥാനം ഏറ്റെടുത്തു. അദ്ദേഹം കൂടി വധിക്കപ്പെട്ട നിർണ്ണായക ഘട്ടത്തിൽ ഖാലിദ് ബിൻ വലീദ് (റ) നായകസ്ഥാനം ഏറ്റെടുത്തു. റോമാ സൈന്യത്തിന്റെ ഉള്ളിൽ കുടുങ്ങിയ മുസ്‌ലിം സൈന്യത്തെ തന്ത്രപരമായി അദ്ദേഹം പുറത്തെത്തിച്ചു. ആദ്യ ദിവസത്തെ യുദ്ധം അവസാനിക്കുമ്പോൾ റോമാ സൈന്യത്തിന് കനത്ത നാശം സംഭവിച്ചിരുന്നു. മുസ്ലിങ്ങളിൽ നിന്ന് മൂന്ന് സൈന്യാധിപർ അടക്കം 12പേർ മാത്രമേ വധിക്കപ്പെട്ടുള്ളൂ.
അന്ന് യുദ്ധം അവസാനിക്കുന്ന സമയത്ത് ഖാലിദ് ബിൻ വലീദ് ഏർപ്പെടുത്തിയ ഒരു സംഘം കുതിരപ്പടയാളികൾ മുസ്‌ലിം സൈന്യത്തിന് പിറകിലായി പൊടിപടലങ്ങൾ ഉയർത്തിക്കൊണ്ടു ഒട്ടകത്തിൻ്റെയും, കുതിരകളുടെയും വേഗത കൂട്ടി സഞ്ചരിച്ചു. ഇത് കണ്ട റോമൻ സൈന്യം മുസ്‌ലിങ്ങൾക്ക് കൂടുതൽ സഹായം എത്തിയതായി തെറ്റിദ്ധരിച്ചു പിന്മാറി.
ഇത്രയും ആളുകൾക്ക് സംഘടിച്ച് നിൽക്കാൻ പറ്റുന്നത്രയും വിശാലമായ ഒരു പുൽ മൈതാനവും, അർദ്ധ വ്യത്താകൃതിയിൽ കല്ല് കൊണ്ടുള്ള ഒരു കമാനവും യുദ്ധസ്മാരകമായി അവേശേഷിക്കുന്നു.
യുദ്ധ ശുഹദാക്കളുടെ മഖ്ബറകളും, അതിനോട് ചേർന്ന് വിശാലമായ ഒരു പള്ളിയും. യുദ്ധസ്മാരകത്തിന് തൊട്ടടുത്ത് നിലകൊള്ളുന്നു. അവിടെ നിന്ന് ഞങ്ങൾ ളുഹറും അസറും ജംമ്മും, കസ്റുമാക്കി നിസ്കരിച്ചു പിന്നീട്
ജോർദാനിലെ പ്രശസ്തമായ മുഅതത്ത് യൂണിവേഴ്സിറ്റി യുടെ വിശാലമായ കോമ്പൗണ്ട് ചുറ്റിക്കറങ്ങി യാത്ര തുടർന്നു.
മദ് യൻ കിണർ
ഖുർആനിൽ വലമ്മാ വറദ മാഅ മദ് യൻ എന്ന് വിശേഷിപ്പിച്ച കിണർ
ഈജിപ്തിലെ രാജാവായ ഫറോവ (ഫിർഔൻ) യിൽ നിന്ന് രക്ഷതേടി പുറപ്പെട്ട മൂസ (അ ) എവിടെ പോകണം എന്നറിയാതെ വളരെ ക്ഷീണിതനായി ഇരിക്കുമ്പോഴാണ് ഒരു കിണറ്റിൻ കരയിൽ കുറെ
ആടുകളുമായെത്തിയ രണ്ട് യുവതികൾ തിരക്കു കാരണം വെള്ളം കോരി കൊടുക്കാൻ സാധിക്കാതെ ആടുകളെ തടഞ്ഞു നിർത്തുന്നു. അവ പിന്നെയും മുമ്പോട്ടു കുതിക്കുന്നു യുവതികൾ പാട് പെട്ട് തടയുന്നു പാവപ്പെട്ട സ്ത്രീകളോട് അദ്ദേഹത്തിന് അലിവ് തോന്നി എഴുന്നേറ്റ് വന്ന് നിങ്ങളെന്താ ആടിന്ന് വെള്ളം കൊടുക്കാത്തത് ?
തിരക്കൊഴിയാൻ കാത്തിരിക്കുകയാണ് തിക്കിത്തിരക്കിച്ചെന്ന് വെള്ളം കോരാൻ ഞങ്ങൾക്ക് ശക്തിയില്ല
ആണുങ്ങൾ വരാത്തതെന്താ ?
വീട്ടിൽ ആണുങ്ങളായി ഉപ്പയാണുള്ളത് ഉപ്പ വൃദ്ധനാണ് ആടിനെ മേയ്ക്കാനൊന്നും വരാൻ പറ്റില്ല. അദ്ദേഹം തൊട്ടി വാങ്ങി വെള്ളം കോരിയെടുത്ത് ഒഴിച്ചു കൊടുത്തു ആടുകൾ ധൃതിയിൽ വെള്ളം കുടിച്ചു തിരിച്ചു നടന്നു. ഇത്രയും ശക്തനും, ദയാലുവുമായ ഒരു യുവാവിനെ ഇത് വരെ അവർ കണ്ടിട്ടില്ല വെള്ളം കോരിത്തന്ന ശേഷം അദ്ദേഹം സംസാരിക്കാൻ നിന്നില്ല ദൂരെ പോയിരുന്നു ചിന്താമൂകനായി കാണപ്പെട്ടു എന്തോ പ്രയാസം അനുഭവിക്കുകയാണ് അദ്ദേഹം പ്രാർത്ഥിക്കുകയാണ് : എന്റെ റബ്ബേ നിന്റെ ഔദാര്യം ഏറ്റവും ആവശ്യമായ സമയമാണിത് ഞാൻ ക്ഷീണിതനാണ് പരവശനാണ് എന്ത് ചെയ്യണമെന്നറിയില്ല ഒരു വഴി തുറന്നു തരേണമേ.
പ്രായാധിക്യത്താൽ വീട്ടിൽ ശ്രമിക്കുന്ന ശുഐബ് (അ)ന്ആടുകൾ കൂട്ടം ചേർന്ന് വരുമ്പോഴുള്ള ശബ്ദം കേട്ടപ്പോൾ അതിശയം തോന്നി സാധാരണ മക്കൾ വളരെ വൈകിയാണ് ആട്ടിൻപറ്റവുമായി വരാറ് ഇത്ര നേരത്തെ വന്നോ? അതെങ്ങനെ സാധിച്ചു പുത്രിമാരുടെ മുഖത്ത് അസാധാരണ സന്തോഷം? അവർ ആവേശത്തോടെ സംഭവം വിവരിച്ചു എല്ലാം കേട്ടു കഴിഞ്ഞപ്പോൾ ശുഐബ് (അ) പറഞ്ഞു: വലിയ സേവനമാണദ്ദേഹം ചെയ്തു തന്നത് അപരിചിതനായ ആ ചെറുപ്പക്കാരൻ ഒരു വിദേശിയായിരിക്കണം നമുക്കദ്ദേഹത്തിന് എന്തെങ്കിലും പ്രതിഫലം നൽകാം നിങ്ങളിൽ ഒരാൾ പോയി അദ്ദേഹത്തെ വിളിച്ചു കൊണ്ട് വരണം മറ്റെയാൾ ആഹാരമുണ്ടാക്കണം ശുഐബ് (അ) ഒരു പുത്രിയെ കിണറ്റൻ കരയിലേക്കയച്ചു മറ്റെ പുത്രി അടുക്കളയിൽ കയറി. ചെറുപ്പക്കാരൻ അതേ ഇരുപ്പ് തന്നെ പ്രവാചക പുത്രി അകലെ നിന്ന് തന്നെ അത് കണ്ടു. ഉപ്പ നിങ്ങളെ വീട്ടിലേക്ക് വിളിക്കുന്നു കേട്ടപ്പോൾ ആശ്വാസം തോന്നി അല്ലാഹു ഒരു വഴി തുറന്നു തരികയാണ് എഴുന്നേറ്റ് നടന്നു കൂടെ നടക്കുന്നത് ഒരു യുവതിയാണ് കാണാതിരിക്കാൻ വേണ്ടി തല താഴ്ത്തി നടന്നു യുവതി മുമ്പിൽ നടക്കുകയാണ് വഴി കാണിക്കാൻ പിന്നിൽ നടന്നോളൂ വഴി പറഞ്ഞു തന്നാൽ മതി യുവാവ് മുമ്പിലും യുവതി പിന്നിലുമായി നടന്നു വീട്ടിലെത്തി ശുഐബ് (അ) യുവാവിനെ കണ്ടു സംഭാഷണം തുടങ്ങി ആഗതൻ ക്ഷീണിതനാണ് ഏറെ ദൂരം യാത്ര ചെയ്ത ക്ഷീണം നല്ല വിശപ്പുണ്ട് ആഹാരം വിളമ്പി സ്വാദോടെ കഴിച്ചു.
തന്റെ പേര് മൂസ ഈജിപ്തിൽ നിന്ന് വരികയാണ് എട്ട് വർഷക്കാലത്തെ വീട്ടുജോലി മഹ്റായി നിശ്ചയിച്ചു തൻ്റെ മകൾ സബൂറ ബീവിയെ ഷുഹൈബ് നബി (അ) മുസാ നബി(അ)ക്ക് കല്യാണം കഴിച്ചു കൊടുത്തു. അതിൻ്റെ ചരിത്രസ്മാരകം എന്നോളം ആ കിണർ ഇന്നും നിലനിൽക്കുന്നു ജോർദാനിൻ്റെ കുന്നും, മലകളും താണ്ടി ചെങ്കുത്തായ ഒരു മൺ റോഡാണ് അങ്ങോട്ടേക്ക് ബസ് ഇറങ്ങാൻ കഴിയില്ല. നമ്മുടെ കർണാടകത്തിൻ്റെ പ്രാന്തപ്രദേശം പോലെ എനിക്കനുഭവപ്പെട്ടു ആ ഭൂപ്രകൃതി. കുട്ടികൾ കൂട്ടം കൂടി പല കളികളും കളിക്കുന്നു ഇത്തരം ബസ്സുകളും, യാത്രക്കാരും അവിടെ സർവ്വസാധാരണമാണ് അത് കുട്ടികളുടെ മുഖഭാവത്തിൽ നിന്ന് മനസ്സിലാക്കാൻ കഴിയും. ഞങ്ങൾ 500 മീറ്റർ താഴോട്ട് ഇറങ്ങി നടന്നു. ഞങ്ങളെ പോലെ മറ്റുപലരും ആ ചരിത്ര സ്മാരകം കാണുന്നതിനുവേണ്ടി അവിടെ ഉണ്ടായിരുന്നു ഇപ്പോഴും ആ മലഞ്ചെരുവിൽ വെള്ളം കെട്ടിനിൽക്കുന്നു.
തുടരും .......
✍️ എം.എ ഗഫൂർ അരൂർ
No comments:
Post a Comment